മെൽബൺ: നവംബർ 28-ന് നടക്കുന്ന വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലേബർ സർക്കാരിന്റെ ഗ്യാസ് ഇലക്ട്രിഫിക്കേഷൻ നയങ്ങൾ റദ്ദാക്കുമെന്ന് ലിബറൽ-നാഷണൽ സഖ്യത്തിന്റെ (കോയലിഷൻ) പ്രഖ്യാപനം. ജെസ് വിൽസന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ആദ്യ 100 ദിവസത്തിനകം പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും, വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പുതിയ ഗ്യാസ് കണക്ഷനുകൾ പുനഃസ്ഥാപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. പാചകത്തിനും ചൂടാക്കലിനും ചൂടുവെള്ളത്തിനും ഗ്യാസ് വേണമോ വൈദ്യുതി വേണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താക്കൾക്ക് തന്നെ നൽകണമെന്നാണ് പ്രതിപക്ഷ നിലപാട്.
ലേബർ സർക്കാരിന്റെ “ഗ്യാസ് നിരോധന”ത്തിനെതിരെ ബഹുസ്വര-കുടിയേറ്റ സമൂഹങ്ങളെ ലക്ഷ്യമിട്ട് പ്രതിപക്ഷം ശക്തമായ പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. പല വിക്ടോറിയൻ കുടുംബങ്ങൾക്കും, പ്രത്യേകിച്ച് ഗ്യാസ് ഉപയോഗിച്ച് പരമ്പരാഗത ഭക്ഷണങ്ങൾ പാകം ചെയ്യുന്ന കുടിയേറ്റക്കാർക്കും മേൽ ഗൃഹോപകരണങ്ങളുടെ കാര്യത്തിൽ സർക്കാർ നിർബന്ധം ചെലുത്തരുതെന്ന് പ്രതിപക്ഷ ഊർജ്ജ വക്താവ് ഡേവിഡ് ഡേവിസ് വ്യക്തമാക്കി. ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാനും ഇലക്ട്രിക്കൽ സൗകര്യങ്ങൾ നവീകരിക്കാനും വലിയ തുക ചെലവഴിക്കാൻ ഇത് ജനങ്ങളെ നിർബന്ധിതരാക്കുമെന്നും നിർമ്മാണ മേഖല ചൂണ്ടിക്കാണിക്കുന്നു. പുതിയ വീടുകളിൽ പൂർണ്ണമായും ഇലക്ട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നിർമ്മാണച്ചെലവിൽ 15,000 ഡോളർ വരെ വർദ്ധനവുണ്ടാക്കുമെന്നാണ് സിമണ്ട്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള നിർമ്മാതാക്കളുടെ വിലയിരുത്തൽ.
എന്നാൽ, പ്രതിപക്ഷം ആരോപിക്കുന്ന തരത്തിലുള്ള സമ്പൂർണ്ണ ഗ്യാസ് നിരോധനമല്ല നിലവിലെ ചട്ടങ്ങളെന്ന് സർക്കാർ വ്യക്തമാക്കുന്നു. 2027 ജനുവരി ഒന്ന് മുതൽ പണിയുന്ന പുതിയ വീടുകളിലും ഭൂരിഭാഗം വാണിജ്യ കെട്ടിടങ്ങളിലും നിർബന്ധമായും ഇലക്ട്രിക് സംവിധാനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത പഴയ കെട്ടിടങ്ങൾക്ക് ഈ തീയതിക്ക് ശേഷം പുതിയ കണക്ഷൻ ലഭിക്കില്ല. കൂടാതെ 2027 മാർച്ച് ഒന്ന് മുതൽ നിലവിലെ വീടുകളിൽ ഗ്യാസ് വാട്ടർ ഹീറ്ററുകൾ കേടുവന്ന് മാറ്റേണ്ടി വരുമ്പോൾ പകരം ഇലക്ട്രിക് സംവിധാനങ്ങൾ സ്ഥാപിക്കണം. അതേസമയം, നിലവിലുള്ള വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് അടുപ്പുകളോ ഹീറ്ററുകളോ മാറ്റണമെന്ന് വ്യവസ്ഥയില്ലെന്നും അവ തുടർന്നും ഉപയോഗിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും തടസ്സമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പൂർണ്ണ ഇലക്ട്രിക് വീടുകൾ വഴി പ്രതിവർഷം കുടുംബങ്ങൾക്ക് 1,900 ഡോളറോളം ലാഭിക്കാൻ കഴിയുമെന്നും കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഇത് അനിവാര്യമാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. നിലവിലെ ലേബർ സർക്കാരും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായി ഇതോടെ ഊർജ്ജ നയം മാറിയിരിക്കുകയാണ്.

