നീറ്റ് വിഷയം, ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; സഭ നിർത്തിവെച്ചു, പൊതു പരീക്ഷ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി: നീറ്റ് (NEET) വിഷയത്തെ ചൊല്ലി ലോക്‌സഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ കടുത്ത ബഹളം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു.

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ, നീറ്റ് വിഷയത്തിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടികൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയായിരുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ബഹളം. സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും പ്രതിഷേധം തുടർന്ന സാഹചര്യത്തിലാണ് സഭ നിർത്തിവെക്കുന്നതായി സ്പീക്കർ ഓം ബിർള അറിയിച്ചത്. സഭാ നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്നത് പാർലമെന്ററി പാരമ്പര്യങ്ങൾക്ക് ചേർന്നതല്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

അതേസമയം, പൊതു പരീക്ഷ ഭേദഗതി ബിൽ, 2026 ഇന്ന് രാജ്യസഭ പരിഗണിക്കും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ഉച്ചകഴിഞ്ഞ് ബിൽ സഭയിൽ അവതരിപ്പിക്കും. ബിൽ പരിഗണിക്കാൻ നൽകിയ നോട്ടീസ് അംഗീകരിച്ചതായി രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണൻ അറിയിച്ചു. ഈ ബിൽ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *