തിരുവനന്തപുരം: പുസ്തകങ്ങളുടെ ലോകത്തേക്ക് പുതിയ തലമുറകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പി.എൻ. പണിക്കർ ഫൗണ്ടേഷനും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ‘തരംഗം-എഴുത്തും വായനയും’ പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 4.45-ന് നഗരത്തിലെ വി പാർക്കിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും. മുൻ ചീഫ് സെക്രട്ടറിയും കവിയും ചലച്ചിത്ര ഗാനരചയിതാവും ദേവസ്വം ബോർഡ് അധ്യക്ഷനുമായ കെ. ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ആനി ജൂല തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
എല്ലാ മാസവും ആദ്യ ശനിയാഴ്ച വൈകിട്ട് വി പാർക്കിൽ വെച്ചാണ് പുസ്തകവായനാവലോകനവും ചർച്ചയും ഉൾപ്പെടുന്ന ഈ പരിപാടി നടക്കുക. പ്രമുഖ എഴുത്തുകാരോടൊപ്പം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഇവിടെ ഒരുമിച്ച് സംഗമിക്കുമെന്ന് സംഘാടനത്തിന് നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ ആനി ജൂല തോമസ് വ്യക്തമാക്കി.
ചടങ്ങിൽ കെ. ജയകുമാർ രചിച്ച ‘വയലാർ-ഗാനരചനയിലെ ഗാന്ധർവം’ എന്ന പുസ്തകം പ്രസാധകനായ കെ. ജി. അജിത് കുമാർ പരിചയപ്പെടുത്തും. സംഘാടകസമിതി കൺവീനർ കെ. എസ്. ജ്യോതി, അംഗങ്ങളായ ഡോ. ആർ. മണിയപ്പൻ, ജി. ആർ. കൃഷ്ണ കുമാർ, എസ്.കെ. പത്മജ, ബി. ഉത്തമൻ, എ.എസ്. സുഗതകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി എന്നിവർ സംസാരിക്കും. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കും

