അങ്കമാലി: രാജ്യത്തെ സ്വർണ്ണത്തിന്റെ ആകെ വ്യാപാരത്തിലും ഉപഭോഗത്തിലും 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് കേരളമാണെന്നും, ഈ അർത്ഥത്തിൽ കേരളത്തെ സുവർണ്ണ കേരളം എന്ന് വിശേഷിപ്പിക്കാമെന്നും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ‘കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026’-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ പതിനഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം ശാഖകളുണ്ടെന്നത് ലോക ജ്വല്ലറി ബിസിനസ്സിൽ കേരളത്തിനുള്ള വലിയ പ്രാധാന്യമാണ് കാണിക്കുന്നത്. പതിറ്റാണ്ടുകളായി വ്യാപാരികൾ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും ഗുണനിലവാരവും ഉപഭോക്തൃ സൗഹൃദ സമീപനവുമാണ് ഈ വളർച്ചയ്ക്ക് കാരണം. വെറും വിപണി മൂല്യം മാത്രമുള്ള സ്വർണ്ണക്കട്ടികളേക്കാൾ വൈകാരിക മൂല്യമുള്ളതാണ് ആഭരണങ്ങൾ. ലോകത്തെ പ്രമുഖ ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ അതോടൊപ്പം പൈതൃകം കൂടി കൈമാറുന്നുണ്ട്. അതുപോലെ നമ്മുടെ ക്ഷേത്ര ശില്പങ്ങൾ, കഥകളി, ചുണ്ടൻ വള്ളങ്ങൾ, പടയണി തുടങ്ങിയ കേരളത്തിന്റെ തനത് സംസ്കാരവും കഥകളും കൂടി ആഭരണ രൂപകൽപ്പനയിൽ ഉൾപ്പെടുത്തണം. ഇത് ടൂറിസവുമായി ബന്ധപ്പെട്ട മികച്ചൊരു സാംസ്കാരിക കൈമാറ്റത്തിന് വഴിയൊരുക്കുമെന്നും ജ്വല്ലറി വ്യാപാരികളുടെ ഈ പങ്കാളിത്തം കേരള ടൂറിസത്തിനും ഈ മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

