കൊച്ചി: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും പോലെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി എന്നും, കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതിയുടെ ദുരുപയോഗം കുറയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്ന പശ്ചാത്തലത്തിൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗത്തിൽ നിർദ്ദേശം നൽകി. ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാൻ കെ.എസ്.ഇ.ബി ഓഫീസുകൾ കൂടുതൽ ജാഗ്രത പുലർത്തണം. മഴ തുടങ്ങിയതോടെ മരം വീണും പോസ്റ്റുകൾ ഒടിഞ്ഞും ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കണം. വൈദ്യുത രംഗത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരും അതിന്റെ ഇരകളാകാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നയം. അർഹമായ നഷ്ടപരിഹാരം നൽകി, ചർച്ചകളിലൂടെ മാത്രമേ വികസനവുമായി മുന്നോട്ട് പോകൂ എന്ന് മന്ത്രി വ്യക്തമാക്കി.

