ഡിഎൻഎ പരിശോധനയിൽ പിതൃത്വം സ്ഥിരീകരിച്ചു; കാർ വിൽപ്പനക്കാരന് ഇനി ബെൽജിയൻ രാജകുമാര പദവി

ബ്രസൽസ്: ഡിഎൻഎ പരിശോധനയിൽ പിതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ 26കാരനായ ക്ലമന്റ് വാൻഡൻകെർകേവിനെ മകനായി ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയൻ രാജകുമാരൻ ലോറന്റ്. കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ക്ലമന്റിന് ഇതോടെ രാജകുമാര പദവി ലഭിച്ചു.

ബെൽജിയൻ ഗായികയും മോഡലുമായ വെൻഡി വാൻ വാന്റനുമായുള്ള ബന്ധത്തിൽ 2000 ഓഗസ്റ്റിലാണ് ക്ലമന്റ് ജനിച്ചത്. 16-ാം വയസിലാണ് തന്റെ പിതാവ് രാജകുടുംബാംഗമാണെന്ന് ക്ലമന്റ് അറിഞ്ഞത്. 20-ാം വയസിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ 99.5 ശതമാനം ജനിതക പൊരുത്തം കണ്ടെത്തിയതോടെ ലോറന്റാണ് പിതാവെന്ന് സ്ഥിരീകരിക്കപ്പെട്ടു.

2026 ഫെബ്രുവരിയിൽ സിവിൽ രജിസ്ട്രാറിന് മുന്നിൽ ലോറന്റ് പിതൃത്വം ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ക്ലമന്റിന് പിതാവിന്റെ സ്വകാര്യ സ്വത്തിൽ അവകാശം ലഭിക്കും. എന്നാൽ രാജസിംഹാസനത്തിന്റെ അവകാശി എന്ന പദവി, ഔദ്യോഗിക രാജകീയ ചുമതലകൾ, പൊതുഫണ്ടിൽനിന്നുള്ള രാജകീയ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കില്ല.

നിലവിലെ ബെൽജിയൻ രാജാവ് ഫിലിപ്പിന്റെ ഇളയ സഹോദരനാണ് ലോറന്റ്. ക്ലമന്റിന്റെ അമ്മയുടെ കുടുംബപ്പേരായ ‘വാൻഡൻകെർകേവോവ്’ തന്നെ തുടർന്നുപയോഗിക്കാനാണ് താൽപര്യമെന്ന് ക്ലമന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *