ജനലിലൂടെ ഒളിഞ്ഞുനോക്കി: 63കാരനെ ശ്വാസംമുട്ടിച്ച് കൊന്നു; യുവ ഡോക്ടർ അറസ്റ്റിൽ

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63 വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി വംശജനായ ജൂനിയർ ഡോക്ടർ അറസ്റ്റിൽ. സർ ചാൾസ് ഗെയ്‌ഡ്‌നർ ആശുപത്രിയിലെ ഡോക്ടറായ ക്രിസ്റ്റ്യൻ ജാക് ജോസഫിനെതിരെ (26) മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ 1.30 ഓടെ സൗത്ത് പെർത്തിലായിരുന്നു സംഭവം. രാത്രി പുറത്തുപോയി തിരിച്ചെത്തിയ ക്രിസ്റ്റ്യൻ ജാക് ജോസഫും സുഹൃത്തും ചേർന്ന്, വീടിന്റെ ജനലിലൂടെ ഒരാൾ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടി. ഇതിനിടെ ക്രിസ്റ്റ്യൻ ജാക് ജോസഫ് 63 വയസ്സുകാരനെ നിലത്തുകിടത്തി കഴുത്ത് ഞെരിച്ചതായാണ് പൊലീസ് റിപ്പോർട്ട്.

ശ്വസനം നിലച്ച് ബോധരഹിതനായ ഇയാൾക്ക് ജോസഫ് തന്നെ ഉടൻ സി.പി.ആർ നൽകുകയും സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. താൻ ആത്മരക്ഷയ്ക്കായാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. ഡോക്ടറായ ക്രിസ്റ്റ്യൻ ജാക് ജോസഫിനെ ഓഗസ്റ്റ് മാസത്തിൽ വീണ്ടും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *