പെർത്ത്: ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ ഉൾപ്പെടുന്ന ‘ഓക്കസ്’ അന്തർവാഹിനി പങ്കാളിത്ത കരാറിന്റെ ഭാഗമായി വെസ്റ്റേൺ ഓസ്ട്രേലിയയിൽ സ്ഥിരമായ സൈനിക പിന്തുണാ കേന്ദ്രം സ്ഥാപിച്ച് യുഎസ് നാവികസേന. ‘നാവൽ സപ്പോർട്ട് ആക്റ്റിവിറ്റി സ്റ്റിർലിംഗ്’എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രം പെർത്തിന് സമീപമുള്ള ഗാർഡൻ ഐലൻഡിലെ റോയൽ ഓസ്ട്രേലിയൻ നേവിയുടെ എച്ച്.എം.എ.എസ് സ്റ്റിർലിംഗ് ബേസിന് ഒപ്പമാണ് പ്രവർത്തനമാരംഭിക്കുന്നത്.
‘സബ്മറൈൻ റൊട്ടേഷണൽ ഫോഴ്സ്-വെസ്റ്റ്’ ദൗത്യത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ വിന്യസിക്കപ്പെടുന്ന അമേരിക്കൻ സൈനികർ, സിവിൽ ജീവനക്കാർ, കരാറുകാർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് ആവശ്യമായ താമസം, ആരോഗ്യം, കുട്ടികളുടെ പരിചരണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പുതിയ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ, അമേരിക്കയുടെയും ബ്രിട്ടന്റെയും ആണവോർ ജ്ജത്തിൽ പ്രവർത്തിക്കുന്ന അതിവേഗ ആക്രമണ അന്തർവാഹിനികളുടെ താൽക്കാലിക വിന്യാസങ്ങൾക്കും ഈ കേന്ദ്രം പിന്തുണ നൽകും.
ഓസ്ട്രേലിയൻ സർക്കാരിന്റെ പൂർണ്ണമായ അനുമതിയോടെയും ക്ഷണപ്രകാരവുമാണ് അമേരിക്കൻ നാവികസേന ഇവിടെ താവളമുറപ്പിക്കുന്നത്. പദ്ധതി നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ആദ്യ സംഘം ഈ വർഷം അവസാനത്തോടെ ഇവിടെയെത്തുമെന്നും യുഎസ് നേവി വക്താക്കൾ അറിയിച്ചു. ഓക്കസ് അന്തർവാഹിനി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി എച്ച്.എം.എ.എസ് സ്റ്റിർലിംഗ് ബേസിൽ നിലവിൽ 8 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 44,000 കോടിയിലധികം രൂപ) വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

