ന്യൂഡൽഹി: തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു.
തിരഞ്ഞെടുപ്പിനിടെ മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്തതും വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിച്ചതുമുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. തൃശൂരിലെ വോട്ടറുമായ എ.എസ്. ബിനോയ് നൽകിയ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുന്നതാണെന്ന് നേരത്തെ കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപിയുടെ പ്രാഥമിക എതിർപ്പുകൾ കോടതി തള്ളുകയും കേസിൽ വിചാരണ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതും ചില വാഗ്ദാനങ്ങൾ നൽകിയതുമാണ് പ്രധാന ആരോപണങ്ങൾ. എന്നാൽ കുടകൾ വിതരണം ചെയ്തെന്ന ആരോപണം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ആദ്യ ബിജെപി എംപിയായാണ് ശ്രദ്ധേയനായത്.

