കൊച്ചി: അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി പോലീസ് കസ്റ്റഡിയിൽ. തൃക്കാക്കര ഭാരതമാതാ കോളജിലെ വിദ്യാർഥിയായ എസ്. ശ്രീഹരി (20) യെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ക്യാമ്പസ് ഗ്രൂപ്പുകളിൽ നിന്നും ശേഖരിച്ച ചിത്രങ്ങൾ നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇയാൾ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റിയത്. തുടർന്ന് പ്രത്യേക ടെലഗ്രാം ചാനലുകൾ രൂപീകരിച്ച്, രഹസ്യ ഗ്രൂപ്പുകൾ വഴി പണം ഈടാക്കി ഇവ വിൽപന നടത്തുകയായിരുന്നു.
കോളജിലെ പൂർവ വിദ്യാർഥി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽ നിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കോളജ് അധികൃതർ ശ്രീഹരിയെ സസ്പെൻഡ് ചെയ്യുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

