പിഎം ശ്രീ: കേന്ദ്രം വീണ്ടും കത്തയച്ചു; മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കത്തയച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി പൂർണമായി തള്ളണമോ ഉപാധികളോടെ നടപ്പാക്കണമോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫിന് പദ്ധതിയോട് എതിർപ്പുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം പിഎം ശ്രീ പദ്ധതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഈ സർക്കാരിന് ലഭിക്കുന്ന രണ്ടാമത്തേതാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മുൻ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പദ്ധതി തുടരണമെന്നും ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട ഏകദേശം 2,000 കോടി രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ട് തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ പേരിൽ സംസ്ഥാനത്തിന്റെ ഫണ്ട് തടയരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയെക്കുറിച്ച് സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കണമെന്ന ആവശ്യവും കേന്ദ്രം പുതിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *