ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും ഭർത്താവ് സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഗോവിന്ദ് വാതിക മേഖലയിലാണ് സംഭവം. ഗീത ജാ (40), മക്കളായ നന്ദിനി, രാധിക, ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ ഇവർ ഉറങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ചയാണ് നാല് പേരുടെയും മൃതദേഹങ്ങൾ വീട്ടിലെ വിവിധ മുറികളിൽ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതര പരുക്കുകളുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന സിമന്റ് കട്ടയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.

ഗീതയുടെ ഭർത്താവ് രാഹുൽ ജായാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം; കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *