ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ഒക്ടോബർ 20 വരെയുള്ള പൊതുപരിപാടികൾ റദ്ദാക്കി

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് (71) ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം വിജയകരമായി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് ശ്വാസകോശ അർബുദമായ ‘ലങ് അഡിനോകാർസിനോമ’ (Lung Adenocarcinoma) സ്ഥിരീകരിച്ചത്.

പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ, ഡോ. ലൂയിജി കാർബോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്നു. സങ്കീർണ്ണതകൾ ഒന്നുമില്ലാതെ ശസ്ത്രക്രിയ പൂർത്തിയായതായും മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശുപത്രി മുറിയിൽ വിശ്രമിക്കുന്ന അദ്ദേഹം ഒരാഴ്ചയോളം ആശുപത്രിയിൽ തുടരുമെന്നാണ് വത്തിക്കാൻ നൽകുന്ന സൂചന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒക്ടോബർ 20 വരെയുള്ള മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, തന്റെ ശ്വാസകോശത്തിൽ ചെറിയൊരു തടിപ്പ് കണ്ടെത്തിയതായും അത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും മാർപാപ്പ തന്നെ നേരിട്ട് അറിയിച്ചിരുന്നു. രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ചികിത്സയ്ക്കായി ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ചത്. മാർപാപ്പ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. Nov 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിൽ മാർപാപ്പയുടെ സന്ദർശനം നിശ്ചയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *