ഡിജിറ്റൽ ഇടപാടുകളിലെ സർവീസ് ചാർജിനെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം; ഒക്ടോബർ 15-ന് ഡിജിറ്റൽ പേയ്‌മെന്റുകൾ ബഹിഷ്‌കരിക്കും

തൊടുപുഴ: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ., ഡിജിറ്റൽ ഇടപാടുകൾക്ക് എം.ഡി.ആർ. (MDR) ചാർജ് ഏർപ്പെടുത്താനുള്ള എൻ.പി.സി.ഐ. (NPCI) തീരുമാനത്തിനെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാങ്ക് ചാർജുകൾക്കെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയത്. തൊടുപുഴ വ്യാപാരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം നൂറുകണക്കിന് വ്യാപാരികളുടെ പങ്കാളിത്തത്തോടെ നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.

പ്രകടനത്തിന് ശേഷം ഗാന്ധി സ്ക്വയറിൽ ചേർന്ന പ്രതിഷേധയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. എ. സലീംകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ. പി. ചാക്കോ, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, മർച്ചന്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ. എച്ച്. കനി, മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. അജീവ്, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കൂട്ടപ്പാസ് എന്നിവർ യോഗത്തിൽ സമരസന്ദേശം നൽകി. ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ സ്വാഗതവും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ ഇ. എ. അഭിലാഷ് നന്ദിയും പറഞ്ഞു.

പ്രതിഷേധസമരത്തിന്റെ രണ്ടാം ഘട്ടമായി ഒക്ടോബർ 15-ന് ഡിജിറ്റൽ പേയ്‌മെന്റുകൾ പൂർണമായും ബഹിഷ്‌കരിക്കുമെന്നും ലോക് ഭവൻ മാർച്ച് നടത്തുമെന്നും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *