ബംഗാൾ ഉൾക്കടലിൽ ഇരട്ട ന്യൂനമർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസങ്ങളിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്‌നാട് തീരത്തിനും മുകളിലായി സമുദ്രനിരപ്പിൽനിന്ന് 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ മേഖലയിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇതിനുപുറമേ തായ്‌ലൻഡ് കടലിടുക്കിനും സമീപത്തെ തായ്‌ലൻഡ്, മ്യാൻമർ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലവിലുണ്ട്. ഈ ചക്രവാതച്ചുഴി ബുധനാഴ്ച രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിച്ചേക്കും. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഇതിന്റെ സ്വാധീനത്താൽ വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി രണ്ടാമത്തെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

രണ്ടാമത്തെ ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. അന്തരീക്ഷച്ചുഴികളുടെയും ന്യൂനമർദ്ദങ്ങളുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *