മെക്സിക്കോയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, വലിയ നാശനഷ്ടങ്ങളില്ല

മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ തെക്കൻ തീരത്തോട് ചേർന്നുള്ള ചിയാപാസ് സംസ്ഥാനത്തിന് സമീപം വെള്ളിയാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂചലനത്തിന്റെ തീവ്രത ആദ്യം 7.4 ആയി രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് 7.3 ആയി പുതുക്കി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക് സമുദ്രത്തിൽ പ്യൂർട്ടോ മഡെറോയ്ക്ക് സമീപവും ഏകദേശം 15 കിലോമീറ്റർ ആഴത്തിലുമായിരുന്നു.

ഭൂചലനത്തിന്റെ പ്രകമ്പനം മെക്സിക്കോയ്ക്ക് പുറമെ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായി അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ പല പ്രദേശങ്ങളിലും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂചലനത്തെ തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം മെക്സിക്കോയുടെയും ഗ്വാട്ടിമാലയുടെയും പസഫിക് തീരങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് വലിയ ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബൗം അടിയന്തര സുരക്ഷാ നടപടികൾ ഉടൻ നടപ്പാക്കിയതായി അറിയിച്ചു. ചിയാപാസിലോ സമീപ സംസ്ഥാനങ്ങളിലോ വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ തെക്കൻ മെക്സിക്കോയിൽ ഭയന്നോടുന്നതിനിടെ ഒരു സ്ത്രീക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ 4.9 മുതൽ 6 വരെ തീവ്രതയുള്ള നിരവധി തുടർചലനങ്ങളും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *