പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം സമാപിച്ചു; നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം സമാപിച്ചു. മെൽബൺ സന്ദർശനത്തിന്റെ അവസാന പാദത്തിൽ ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചാണ് ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയത്. മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി മെൽബണിൽ നിന്നും അദ്ദേഹം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലേക്ക് യാത്ര തിരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ സന്ദർശനം നിർണായക നിമിഷമാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും നടത്തിയ ഫലപ്രദമായ ആശയവിനിമയങ്ങൾ ഇരുവരും തമ്മിലുള്ള വ്യക്തിപരവും തന്ത്രപരവുമായ സൗഹൃദത്തെ എടുത്തുകാണിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഓസ്ട്രേലിയൻ യുറേനിയം വിതരണം സാധ്യമാക്കുന്ന ഭരണപരമായ ക്രമീകരണം അന്തിമമാക്കിയത് ഇതിൽ ഏറ്റവും സുപ്രധാനമായ നേട്ടമാണ്. ഇന്തോ-പെസഫിക് മേഖലയിലെ സമാധാനം സംരക്ഷിക്കുന്നതിനായി സംയുക്ത പ്രതിരോധ സഹകരണ പ്രഖ്യാപനത്തിലും ഇരുവരും ഒപ്പുവെച്ചു. കൂടാതെ, നിർണായക ധാതു ഇടനാഴി, നൂതന സാങ്കേതിക സഹകരണം എന്നിവയ്ക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *