ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ പര്യടനത്തിനായി ഇന്ന് പുറപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. പര്യടനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ന് യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണ്ണായക ചർച്ചകൾ നടത്തും.
ഊർജ്ജ മേഖലയിലെ സഹകരണം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, പ്രാദേശികവും ആഗോളവുമായ പ്രധാന വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇന്ത്യയുടെ നാലാമത്തെ വലിയ അസംസ്കൃത എണ്ണ സ്രോതസ്സായ യു.എ.ഇയുമായുള്ള ബന്ധം ഊർജ്ജ സുരക്ഷയ്ക്ക് പുറമെ വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കും. യു.എ.ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ചകളിൽ ഇടംപിടിക്കും.
യു.എ.ഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലൻഡ്സിലേക്ക് തിരിക്കും. തുടർന്ന് സ്വീഡനിലും നോർവേയിലും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. നോർവേയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ അദ്ദേഹം പങ്കുചേരും. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്. ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള കൂടിക്കാഴ്ചയോടെ മേയ് 20-ന് പര്യടനം സമാപിക്കും.

