അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ ഒരു തടവുകാരി ജയിൽ ചാടി പുറത്തുപോയ ശേഷം മദ്യക്കുപ്പികളുമായി ജയിലിനുള്ളിലേക്ക് തന്നെ തിരിച്ചെത്തിയ വിചിത്ര സംഭവം സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള കടുത്ത ആശങ്കകൾക്ക് വഴിവെക്കുന്നു. വെള്ളിയാഴ്ച രാത്രി അഡ്ലെയ്ഡ് പ്രീ-റിലീസ് സെന്ററിൽ നിന്നാണ് ഈ തടവുകാരി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തുപോയത്. ഏകദേശം രണ്ട് മണിക്കൂറോളം കാണാതായ ഇവർ, പിന്നീട് പലതരത്തിലുള്ള മദ്യക്കുപ്പികളുമായി അതീവ രഹസ്യമായി ജയിലിനുള്ളിലേക്ക് തന്നെ കടന്നുകൂടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, ഈ സുരക്ഷാവീഴ്ച മൂലം ജയിലിനുള്ളിലോ പുറത്തോ ആരുടെയും ജീവന് ഭീഷണിയോ അപകടമോ ഉണ്ടായിട്ടില്ലെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. ഒരു അന്തേവാസി നിശ്ചിത സമയത്തേക്ക് ജയിലിനുള്ളിൽ ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, നിലവിൽ ഈ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്നും തിരുത്തൽ സേവന മന്ത്രി മൈക്കൽ ബ്രൗൺ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ ജയിൽ സംവിധാനങ്ങളിലുടനീളം സുരക്ഷാവീഴ്ചകൾ വർദ്ധിച്ചു വരികയാ ണെന്ന് പബ്ലിക് സർവീസ് അസോസിയേഷൻ കറക്ഷണൽ ഓഫീസർ ലെയ്സണും വൈസ് പ്രസിഡന്റുമായ ക്രെയ്ഗ് ബേറ്റ്സ് കുറ്റപ്പെടുത്തി. പ്രീ-റിലീസ് സെന്ററിൽ നിന്ന് ഒരു തടവുകാരൻ രക്ഷപ്പെടുന്നത് ഇതാദ്യമല്ലെ ന്നും, കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിതെന്നത് ജയിൽ വകുപ്പ് ഗൗരവമായി കാണണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഈ സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രീ-റിലീസ് സെന്ററിലെ പോരായ്മകൾ ജയിൽ വകുപ്പ് ഇന്ന് ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ മാത്രമുള്ള ഇത്തരം പ്രീ-റിലീസ് കേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ടെന്നായിരുന്നു മന്ത്രി മൈക്കൽ ബ്രൗണിന്റെ പ്രതികരണം

