‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്ച മുതൽ; ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി നാളെ (ജൂൺ 15 തിങ്കളാഴ്ച) മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യാനിരിക്കെ, ചടങ്ങ് ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രഖ്യാപനത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എം.എൽ.എമാരും നേതാക്കളും ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നതെന്നും, എന്നാൽ ഇപ്പോൾ നിലവിലുള്ള അയ്യായിരത്തിലധികം ഓർഡിനറി ബസുകളിൽ വെറും ആയിരം ബസുകളിൽ മാത്രമായി പദ്ധതി ചുരുക്കിയിരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ടുപോയെന്നും, പരസ്യ കോലാഹലങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ പ്രതിപക്ഷത്തിന്റെ ബഹിഷ്കരണ തീരുമാനം നിർഭാഗ്യകരമാണെന്ന് ഭരണപക്ഷം പ്രതികരിച്ചു. ആദ്യ ഘട്ടമെന്ന നിലയിലാണ് 3,125 ഓർഡിനറി ബസുകളിൽ പദ്ധതി ആരംഭിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ ബഹിഷ്കരണ നീക്കങ്ങൾ വകവയ്ക്കാതെ, മുൻ നിശ്ചയിച്ച പ്രകാരം നാളെ രാവിലെ 8.30-ന് തിരുവനന്തപുരത്ത് വച്ച് വിപുലമായ ചടങ്ങുകളോടെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *