മണ്ണാർക്കാട്: ഹൈടെക് ഫാമിങ് ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികൾ പ്രയോജനപ്പെടുത്തി ഉത്പാദനം വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പുതിയകാലത്തിന് ചേർന്ന നവസാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനാകണം. മുൻപ് കേരളത്തിൽ വിളയാത്ത വിദേശ പഴവർഗങ്ങളും പുതിയ വിളകളും ഇന്ന് വിജയകരമായി കൃഷി ചെയ്യാൻ സാധിക്കുന്നത് കാർഷിക രംഗത്തുണ്ടായ വലിയ ഉണർവാണെന്നും മന്ത്രി പറഞ്ഞു. അലനല്ലൂർ, മണ്ണാർക്കാട് കൃഷിഭവനുകൾ സംഘടിപ്പിച്ച കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലസേചന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന സഹായങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും കാർഷിക മേഖലയെ കൂടുതൽ സജീവമാക്കാൻ കൂട്ടായ ശ്രമം വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരമ്പരാഗത കർഷകരെ ചേർത്തുപിടിക്കുന്നതോടൊപ്പം കുട്ടികൾ ഉൾപ്പെടെയുള്ള പുതിയ തലമുറയെയും കൃഷിയിലേക്ക് ആകർഷിക്കാൻ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഓരോ പ്രദേശത്തിനും കൂടുതൽ അനുയോജ്യമായ കൃഷികൾ കണ്ടെത്തി വ്യാപിപ്പിക്കാനും ഉത്പാദനം വർധിപ്പിച്ച് കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രദേശത്തെ മികച്ച കർഷകരെ ആദരിക്കുകയും പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ചന്തപ്പടി എസ്.കെ.ആർ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അൻസാരിയും മണ്ണാർക്കാട് അൽ ഫായിദ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സജ്ന ടീച്ചറും അധ്യക്ഷത വഹിച്ചു.

