പാലക്കാട്: നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതോടെ പാലക്കാടിന്റെ പ്രധാന ഓണാഘോഷ കേന്ദ്രമായ മലമ്പുഴ ഉദ്യാനം ഇത്തവണത്തെ ഓണക്കാലത്തും അടഞ്ഞുതന്നെ കിടക്കും. ഉദ്യാനം അടച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പകുതിപോലും പൂർത്തിയായിട്ടില്ല.
ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങി ആഘോഷങ്ങൾ എന്തുതന്നെയായാലും കുടുംബത്തോടൊപ്പം കുറഞ്ഞ ചെലവിൽ സമയം ചെലവഴിക്കാൻ പാലക്കാട്ടുകാരുടെ പ്രധാന ആശ്രയമായിരുന്നു മലമ്പുഴ. എന്നാൽ ഉദ്യാനം അടച്ചതോടെ ഇക്കുറി ഓണാഘോഷം മുടങ്ങുന്ന സ്ഥിതിയിലാണ് സഞ്ചാരികൾ. വിനോദസഞ്ചാരികളെ കൂടാതെ, ഉദ്യാനത്തിലെ നൂറിലധികം തൊഴിലാളികളും ഇവിടെയെത്തുന്ന സഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന നിരവധി ചെറുകിട കച്ചവടക്കാരും ഇതോടെ പട്ടിണിയിലായി. കൂടാതെ, ടിക്കറ്റ് വിൽപ്പന വഴി സർക്കാരിലേക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും തുടരുകയാണ്.
75 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങളാണ് മലമ്പുഴയിൽ നടക്കുന്നത്. കേന്ദ്ര ടൂറിസം വകുപ്പ് ഒരു വർഷം മുൻപേ ഇതിനായുള്ള തുക കേരള സർക്കാരിന് കൈമാറിയതാണ്. എന്നാൽ ഫണ്ട് ലഭ്യമായിട്ടും പദ്ധതി അനന്തമായി നീണ്ടുപോകുന്നതിൽ കേരള ടൂറിസം വകുപ്പിനെതിരെയും സ്ഥലം എം.എൽ.എയ്ക്ക് എതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

