വീതികുറഞ്ഞ റോഡുകളിലെ ഗാർഡൻ ബെഡുകൾൾക്കെതിരെ പ്രതിഷേധം

സിഡ്നി: 12 ലക്ഷം ഡോളർ വരെ വിലമതിക്കുന്ന വീടുകളുള്ള സൗത്ത്‌വെസ്റ്റ് സിഡ്നിയിലെ ഓസ്‌ട്രലിൽ (Austral), വീതികുറഞ്ഞ റോഡുകളിൽ കോൺക്രീറ്റ് ഗാർഡൻ ബെഡുകൾ സ്ഥാപിച്ചതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിൽ. ഇടുങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലുമായി വലിപ്പമേറിയ കോൺക്രീറ്റ് തടങ്ങൾ നിർമ്മിച്ചതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ വീർപ്പുമുട്ടുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.

ഏകദേശം രണ്ട് മീറ്ററോളം വീതിയുള്ള കോൺക്രീറ്റ് ട്രീ പിറ്റുകളാണ് പ്രദേശത്തെ അഞ്ച് റോഡുകളിലായി ഇതിനോടകം സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ റോഡുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ നീക്കമുണ്ടെങ്കിലും, നിലവിൽ സ്ഥാപിച്ച പല തടങ്ങളിലും മരങ്ങളോ ചെടികളോ വെച്ചുപിടിപ്പിച്ചിട്ടില്ലെന്നും വെറുതെ ഒഴിഞ്ഞുകിടക്കുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും ഇല്ലാതായതോടെ വാഹനങ്ങൾ പുൽത്തകിടികളിലേക്കും മീഡിയനുകളിലേക്കും ദൂരെയുള്ള മറ്റ് വഴികളിലേക്കും മാറ്റി പാർക്ക് ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങൾ. വാരാന്ത്യങ്ങളിലെ പാർക്കിംഗ് സാഹചര്യം ഒരു യുദ്ധക്കളത്തിന് തുല്യമാണെന്നാണ് ഒരു പ്രദേശവാസി പ്രതികരിച്ചത്.

നഗരത്തിലെ അന്തരീക്ഷ താപനില കുറയ്ക്കാനും ഹരിതാഭ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയെന്നാണ് ലിവർപൂൾ കൗൺസിലിന്റെ വിശദീകരണം. എന്നാൽ പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, നിത്യേന ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ പാടെ ഇല്ലാതാക്കിക്കൊണ്ടുള്ള ഇത്തരം കൂറ്റൻ കോൺക്രീറ്റ് നിർമ്മാണങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ജനവാസ മേഖലകളിലെ അടിസ്ഥാന യാത്രാസൗകര്യങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടാണോ കൗൺസിലുകൾ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *