പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്യം വേണം;പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു

റാവലക്കോട്: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാകുന്നു. റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഉപരോധങ്ങളും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഇന്ത്യയോട് കൂറുപുലർത്താൻ മടിക്കില്ലെന്ന് പ്രതിഷേധക്കാർ ഇസ്ലാമാബാദിന് അന്ത്യശാസനം നൽകി.

മനുഷ്യാവകാശ പ്രവർത്തകൻ സർദാർ അമൻ ഖാന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം പാകിസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങളും റേഷനും എത്തിക്കുന്നത് തടഞ്ഞുകൊണ്ട് പാക് അധികൃതർ കഴിഞ്ഞ രണ്ടാഴ്ചയായി ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധമാണ് ജനങ്ങളെ തെരുവിലിറക്കിയത്. മൂന്ന് ആഴ്ചയിലേറെയായി ഈദ്ഗാഹ് മൈതാനത്ത് അഹോരാത്ര ധർണ്ണ തുടരുകയാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി പാക് സൈന്യം നടത്തുന്ന അടിച്ചമർത്തലുകൾ, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഭരണകൂടത്തിന്റെ അവഗണന എന്നിവയ്ക്കെതിരെ 38 ഇന ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ പ്രതിഷേധക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യമാണ് ഇവരുടെ പ്രധാന ആവശ്യം.

പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സർദാർ അമൻ ഖാൻ പാക് ഭരണകൂടത്തിന് കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്. പാക് അധീന കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലെന്നും, തങ്ങൾക്ക് പാകിസ്ഥാന്റെ ആവശ്യമില്ലെന്നും മറിച്ച് പാകിസ്ഥാനാണ് തങ്ങളെക്കൊണ്ട് കടുത്ത ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ പട്ടിണിക്കിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ നിയന്ത്രണരേഖയിലെ അതിർത്തികൾ കൂടി തുറക്കേണ്ടി വരുമെന്നും, അങ്ങനെയൊന്ന് സംഭവിച്ചാൽ കൂടെ നിൽക്കാൻ പാകിസ്ഥാന് യാചിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *