യാത്രയ്ക്കിടെ കാണാതായ ‘ടാങ്ക്’ എന്ന മൂന്ന് വയസ്സുള്ള നായയെ സുരക്ഷിതമായി കണ്ടെത്തി

പെർത്ത്: വിദൂര പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലൂടെയുള്ള യാത്രയ്ക്കിടെ കാണാതായ ‘ടാങ്ക്’ എന്ന മൂന്ന് വയസ്സുള്ള നായയെ സുരക്ഷിതമായി കണ്ടെത്തി. ഫോസ്റ്റർ കെയറിനായി പെർത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ടാങ്ക് തന്റെ ക്രേറ്റിൽ നിന്ന് പുറത്തുകടന്ന് കാണാതായത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബില്ലബോങ് റോഡ്‌ഹൗസിൽ വെച്ച് വാഹനം നിർത്തിയപ്പോഴാണ് ഡ്രൈവർ നായയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

സോഷ്യൽ മീഡിയയിൽ ടാങ്കിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനെത്തുടർന്ന്, കാർണർവണിന് 50 കിലോമീറ്റർ തെക്ക് ഹൈവേയിലൂടെ നടക്കുകയായിരുന്ന നായയെ ട്രക്ക് ഡ്രൈവർ ഡീൻ ട്രൗൺസൺ കണ്ടെത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. റോഡ് ട്രെയിൻ നിർത്തി ടാങ്കിനെ വിളിച്ചു വരുത്തിയാണ് ട്രൗൺസൺ രക്ഷപ്പെടുത്തിയതെന്ന് റെസ്ക്യൂ വളണ്ടിയർ നതാലി പ്ലങ്കറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയ പരിക്കുകളോടെ പെർത്തിലെ ഫോസ്റ്റർ കെയറിൽ വിശ്രമത്തിലാണ് ഇപ്പോൾ ടാങ്ക്. തന്റെ സ്വന്തം നായയുമായുള്ള ഇണക്കം പരിശോധിച്ച ശേഷം ടാങ്കിനെ ദത്തെടുക്കുന്ന കാര്യം ട്രൗൺസൺ പരിഗണിക്കുന്നുണ്ടെന്ന് റെസ്ക്യൂ വളണ്ടിയർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *