ദോഹ: ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചാൽ ലോകത്താകമാനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഖത്തർ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നേരിടുന്ന പ്രതിസന്ധിക്കു പിന്നാലെ ബാബ് അൽ മന്ദബിലൂടെയുള്ള ഗതാഗതവും തടസപ്പെടുന്നത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ, കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷിമി പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ അടച്ചിടൽ മൂലം ലോകം ഇതിനകം പ്രതിസന്ധി നേരിടുകയാണെന്നും അതിനൊപ്പം ബാബ് അൽ മന്ദബിലൂടെയുള്ള ഗതാഗതവും തടസപ്പെടുന്നത് താങ്ങാനാകില്ലെന്നും അൽ ഹാഷിമി പറഞ്ഞു. ബാബ് അൽ മന്ദബ് അടയ്ക്കുന്നത് ലോകത്തിന് മുഴുവൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ നയതന്ത്രവും സംഭാഷണവും പിന്തുടരണമെന്നാണ് ഖത്തറിന്റെ നിലപാട്. ചെങ്കടൽ തീരത്തെ ഹൂതി മുന്നേറ്റങ്ങൾക്കിടെയാണ് പ്രധാനപ്പെട്ട സമുദ്രപാതയായ ബാബ് അൽ മന്ദബിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നത്.
ചെങ്കടലിന്റെ തെക്കേ പ്രവേശന കവാടമായ ബാബ് അൽ മന്ദബ് ഏഷ്യ, യൂറോപ്പ്, മധ്യപൂർവദേശ മേഖലകൾ തമ്മിലുള്ള പ്രധാന സമുദ്രവ്യാപാര പാതയാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്നത് കപ്പൽ ഗതാഗതത്തെയും ഊർജവിതരണത്തെയും ബാധിക്കുമെന്ന ആശങ്കയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ബാബ് അൽ മന്ദബിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രാദേശിക രാജ്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെപ്റ്റംബർ 15ന് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചെങ്കടലിലും ബാബ് അൽ മന്ദബിലും നാവിഗേഷൻ സുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

