ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം, ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ പരിശോധനാഫലങ്ങൾ നിർണായകമാകും.
കുട്ടി മരിച്ച വീട്ടിലെത്തി മഹസർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാവിലെ ആറുമണിയോടെ കുട്ടിക്ക് ജീവനില്ലെന്ന വിവരം ലഭിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചോ, യാത്രാമധ്യേ വാഹനം നിർത്തി മദ്യപിച്ചെന്ന നാട്ടുകാരുടെ ആരോപണങ്ങളിൽ വസ്തുതയുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
കുട്ടികൾ സുരക്ഷിതരല്ലെന്ന വിലയിരുത്തലിനെത്തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നു മുതൽ 11 വയസ്സുവരെ പ്രായമുള്ള നാലു പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ശിശുക്ഷേമ സമിതി ആരംഭിച്ചിട്ടുണ്ട്.
ഇതേ കുടുംബത്തിൽ മുമ്പ് മറ്റൊരു കുട്ടിയും മരിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ സംഭവത്തിലും കൂടുതൽ വ്യക്തത വരുത്താൻ പരിശോധനാഫലങ്ങൾ ലഭിച്ചശേഷം നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

