കൊച്ചി: എറണാകുളം മാർക്കറ്റിലെ കാവുംഭാഗം സിനഗോഗിന് മുന്നിലെ നഴ്സറിയിൽ തീവച്ച സംഭവത്തിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഫോണിൽനിന്ന് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതായി അന്വേഷണസംഘം. പ്രതി ബിഷ്ണോയിയെക്കുറിച്ച് ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയതായും ബിഷ്ണോയിയുടെ പേര് പരാമർശിക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നതായും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ബിഷ്ണോയ് സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
ഒക്ടോബർ 12ന് പുലർച്ചെയാണ് സിനഗോഗിന് മുന്നിലെ ബ്ലോസം നഴ്സറിയുടെ ബോർഡുകൾക്കും ബാനറുകൾക്കും പെട്രോൾ ഒഴിച്ച് തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായതിനെത്തുടർന്ന് എബിൻ പോളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മൂവാറ്റുപുഴയിൽ നേരത്തെയുണ്ടായ തീവയ്പ് സംഭവങ്ങളിലും പ്രതിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തീപിടിത്തങ്ങളുടെ ദൃശ്യങ്ങൾ ടെലിഗ്രാം വഴി കൈമാറിയിട്ടുണ്ടോയെന്നും പ്രതിയെ നിയന്ത്രിച്ചിരുന്നതായി സംശയിക്കുന്ന ‘ബോസ്’ എന്ന വ്യക്തിയുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതിയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ ഗൂഢാലോചനയുണ്ടോയെന്നും മറ്റ് വ്യക്തികൾക്ക് പങ്കുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുകയാണ്. ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

