നിലമ്പൂർ: നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കാൻ ആധുനിക സൗകര്യങ്ങളുള്ള എൽ.എച്ച്.ബി. (LHB) കോച്ചുകൾ എത്തുന്നു. രാജ്യറാണി എക്സ്പ്രസിൽ പുതിയ കോച്ചുകൾ ഉൾപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവമാകും ലഭ്യമാകുക. 2027 പുതുവർഷപ്പിറവിയോടെയാണ് ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ആദ്യമായി എൽ.എച്ച്.ബി. കോച്ചുകളുമായി രാജ്യറാണി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്.
16349/16350 തിരുവനന്തപുരം നോർത്ത്–നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിനും 16343/16344 തിരുവനന്തപുരം–രാമേശ്വരം അമൃത് എക്സ്പ്രസിനും ആധുനിക എൽ.എച്ച്.ബി. കോച്ചുകളുള്ള റേക്ക് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. 2026 ഡിസംബർ 31 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസും 2027 ജനുവരി ഒന്ന് മുതൽ നിലമ്പൂരിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനും പുതിയ കോച്ചുകളിലായിരിക്കും ഓടുക.
നിലവിലുള്ള പരമ്പരാഗത ഐ.സി.എഫ്. (ICF) കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കുന്നവയാണ് എൽ.എച്ച്.ബി. കോച്ചുകൾ. ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയ്ക്ക് മണിക്കൂറിൽ 160 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗത. ട്രെയിൻ കൂട്ടിയിടികളിലും പാളം തെറ്റുന്ന സാഹചര്യങ്ങളിലും കോച്ചുകൾ പരസ്പരം ഇടിച്ചുകയറുന്നത് തടയാൻ സഹായിക്കുന്ന അത്യാധുനിക സെന്റർ ബഫർ കപ്ലിംഗ് സംവിധാനവും ഇവയുടെ പ്രധാന സവിശേഷതയാണ്.

