വായനാദിന-മാസാചരണത്തിന് ജില്ലാതലത്തിൽ സമാപനം

പാലക്കാട്: ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല സമാപനവും സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും കെ. പ്രേമൻ എം.എൽ.എ നിർവഹിച്ചു. ജീവിതത്തിൽ ഉടനീളം പ്രായോഗികമായി നടപ്പിലാക്കാനുള്ള ശക്തമായ ആയുധമാണ് വായനയെന്ന് എം.എൽ.എ പറഞ്ഞു. സർഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം വായന വ്യക്തിത്വ വികസനവും സാധ്യമാക്കും. വായന ശീലമാക്കുന്നതോടൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികൾ അണിനിരക്കണമെന്നും എം.എൽ.എ വ്യക്തമാക്കി.

പാലക്കാട് സൗഹൃദം ദേശീയ വേദി അവതരിപ്പിക്കുന്ന ‘വായിച്ചു വളരുക’ നാടകത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും എം.എൽ.എ ചടങ്ങിൽ വിതരണം ചെയ്തു.

റീൽസ് മത്സരത്തിൽ അട്ടപ്പാടി എ.പി.ജെ. അബ്ദുൾകലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ സിനുമോൾ, അനൂപ് എന്നിവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ ആര്യ നന്ദ, നിദ, നേഹ ഫാത്തിമ, ആദിത്യൻ, തേജശ്രീ എന്നിവർ ചേർന്നൊരുക്കിയ റീലിനാണ് രണ്ടാം സ്ഥാനം.

നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം അധ്യക്ഷയായി. ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.എസ്. സതികുമാർ, കവയിത്രിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ രചന കെ. കൃഷ്ണൻകുട്ടി, കാൻഫെഡ് ജില്ലാ ചെയർമാൻ പി.എസ്. നാരായണൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ റീഡിംഗ് മിഷൻ കോർഡിനേറ്റർ പി.കെ. സാജിത, നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്‌മെന്റ് ഇൻചാർജ് ആര്യ മേനോൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *