മുംബൈ: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.
ബലപ്രയോഗം, വഞ്ചന, ചതി, പ്രലോഭനം, തെറ്റിദ്ധരിപ്പിക്കൽ, വിവാഹം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് ‘മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്’. മതം മാറുന്നതിന് മുൻപായി 60 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് നിയമത്തിലെ സെക്ഷൻ 6 വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിയമം ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും മതപ്രചാരണ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താനെ സ്വദേശിയായ എഴുപതുകാരനായ ഇസ്ലാമിക പ്രഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, സമൂഹത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനുമാണ് ഈ നിയമമെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നിർബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ ഉള്ള മതപരിവർത്തനങ്ങളിൽ മാത്രമാണ് സർക്കാരിന് ആശങ്കയുള്ളതെന്നും, ആർക്കും സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള അവകാശമുണ്ടെങ്കിലും വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമം ഹർജിക്കാരനെ എങ്ങനെയാണ് വ്യക്തിപരമായി ബാധിച്ചതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അക്കാദമിക് സ്വഭാവമുള്ള വെല്ലുവിളി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന്, ആവശ്യമായ വസ്തുതകൾ ഉൾപ്പെടുത്തി പുതിയ ഹർജി സമർപ്പിക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് ഹർജിക്കാരൻ നിലവിലെ ഹർജി പിൻവലിച്ചു.

