ബെയ്ജിങ്: ഉപയോക്താക്കളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്ന എഐ അധിഷ്ഠിത ‘വിർച്വൽ കാമുകൻ’, ‘വിർച്വൽ കാമുകി’ സേവനങ്ങൾക്ക് ചൈന കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ചട്ടങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. കുട്ടികൾക്ക് ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയും മനുഷ്യബന്ധങ്ങൾക്ക് പകരമാകുന്ന രീതിയിലുള്ള എഐ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
പുതിയ ചട്ടപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് എഐ പങ്കാളി സേവനങ്ങൾ ലഭ്യമാക്കാൻ പാടില്ല. ഉപയോക്താവ് ഒരു എഐ സംവിധാനവുമായാണ് സംവദിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്നും വൈകാരിക ആശ്രിതത്വമോ അമിത ഉപയോഗമോ കണ്ടെത്തിയാൽ മുന്നറിയിപ്പുകളും ഇടപെടലുകളും നിർബന്ധമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഐ ഉപയോക്താക്കളെ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകറ്റുന്നതോ വൈകാരികമായി സ്വാധീനിക്കുന്നതോ അനുവദിക്കില്ല.
പുതിയ ചട്ടങ്ങൾ നടപ്പിലാകുന്നതിന് മുന്നോടിയായി ചൈനയിലെ പ്രമുഖ എഐ കമ്പനികളായ ബൈറ്റ്ഡാൻസും ആലിബാബയും ഉപയോക്താക്കൾക്ക് സ്വന്തം എഐ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിച്ചിരുന്ന ചില ഫീച്ചറുകൾ പിൻവലിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. മനുഷ്യസദൃശ എഐ സേവനങ്ങളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമാക്കാനാണ് ചൈനീസ് സർക്കാരിന്റെ നീക്കം.

