തിരുവനന്തപുരം: പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വകുപ്പായതിനാൽ, റവന്യൂ ഉദ്യോഗസ്ഥർ സ്മാർട്ടായും സമർപ്പണബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂവകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദ്ദേശിച്ചു. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല അവലോകന യോഗം ചേർന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകൾക്ക് ശേഷം വകുപ്പിന് കീഴിൽ നടന്ന മൂന്നാമത്തെ ജില്ലാതല അവലോകന യോഗമാണിത്.
ഉന്നതികളിൽ താമസിക്കുന്നവരുടെയും തീരദേശ മേഖലയിലുള്ളവരുടെയും പട്ടയ പ്രശ്‌നങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി യോഗത്തിൽ പ്രത്യേക നിർദ്ദേശം നൽകി. തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടിയുണ്ടാകണം. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിലും ദുരന്തനിവാരണ വിഭാഗത്തിലും ഏഴ് വീതം പ്രായോഗിക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവ നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടയ വിതരണം, റീ സർവേയുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ എന്നിവ അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. സർവേ നടപടികളിലെ സബ് ഡിവിഷൻ കൃത്യമായി പൂർത്തിയാക്കി ഭാവിയിലെ പരാതികൾ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ പദ്ധതികളുടെ പുരോഗതി, കയ്യേറ്റം ഒഴിപ്പിക്കൽ, നികുതി പിരിവിലെ കാലതാമസം, ന്യായവില നിശ്ചയിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

