മെൽബൺ: മെൽബണിലെ ട്രുഗാനിനയിലുള്ള മൗണ്ട് അറ്റ്കിൻസൺ റോഡ് വൻതോതിൽ അനധികൃത മാലിന്യനിക്ഷേപ കേന്ദ്രമായതോടെ, സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ ദുരിതത്തിലായി ഒരു കുടുംബം. ഈ റോഡിലെ ഏക താമസക്കാരായ നീൽ, ഒലീവിയ ദമ്പതികളാണ് വൻതോതിലുള്ള മാലിന്യക്കൂമ്പാരം കാരണം വീട്ടുതടങ്കലിലെന്ന പോലെ കഴിയേണ്ടി വരുന്നത്. കട്ടിലുകൾ, മെത്തകൾ, പഴയ സോഫകൾ, കെട്ടിടാവശിഷ്ടങ്ങൾ എന്നിവയ്ക്ക് പുറമെ അതീവ അപകടകാരിയായ ആസ്ബറ്റോസ് മാലിന്യങ്ങൾ പോലും ഇവിടെ തള്ളിയിട്ടുണ്ട്.
മാലിന്യം കുമിഞ്ഞുകൂടി റോഡ് പൂർണ്ണമായും അടഞ്ഞതോടെ, വീട്ടിലേക്ക് വഴിതുറക്കാൻ ദമ്പതികൾ സ്വന്തം ചെലവിൽ യന്ത്രസാമഗ്രികൾ എത്തിച്ച് ശുചീകരണം നടത്തേണ്ട സ്ഥിതിയാണ്. അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്സ് അടക്കമുള്ള രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത വിധം സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നുണ്ട്. മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടും നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വ്യക്തികൾക്ക് 8 ലക്ഷം ഡോളർ വരെ പിഴയും അഞ്ച് വർഷം വരെ തടവും, സ്ഥാപനങ്ങൾക്ക് 39.5 ലക്ഷം ഡോളർ വരെ പിഴയും നിയമപ്രകാരം ചുമത്താമെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ നിർബാധം തുടരുന്നത്. റോഡിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി മെൽട്ടൺ സിറ്റി കൗൺസിലും വിക്ടോറിയൻ സർക്കാരും പരസ്പരം പഴിചാരുന്നതിനാലാണ് പ്രശ്നപരിഹാരം വൈകുന്നതെന്ന വിമർശനവും ശക്തമാണ്. കടുത്ത നിയമങ്ങളും വൻതുക പിഴയുമുണ്ടായിട്ടും മാലിന്യം തള്ളുന്നത് തുടരുന്ന സാഹചര്യത്തിൽ, കുറ്റവാളികളുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും മുഴുവൻ ശുചീകരണച്ചെലവും അവരിൽ നിന്ന് തന്നെ ഈടാക്കാനും കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

