സിഡ്‌നി: ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് കുടുംബങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, സഹായഹസ്തവുമായി ദാവൂദി ബോറ സമൂഹവും ജീവകാരുണ്യ സംഘടനയായ ഓസ്‌ഹാർവെസ്റ്റും (OzHarvest). ആറ് നഗരങ്ങളിലെ ദാവൂദി ബോറ സമുദായ കൂട്ടായ്മകൾ ഒത്തുചേർന്ന് രണ്ട് ടൺ ഭക്ഷ്യധാന്യങ്ങളും 350-ലധികം പുതിയ ഭക്ഷണപ്പൊതികളും ദുരിതമനുഭവിക്കുന്നവർക്കായി വിതരണം ചെയ്തു.
ദാവൂദി ബോറ സമൂഹത്തിന്റെ ആഗോള ജീവകാരുണ്യ പദ്ധതിയായ ‘പ്രോജക്റ്റ് റൈസ്’ (Project Rise) മുൻകൈയെടുത്താണ് രാജ്യവ്യാപകമായി ഈ സന്നദ്ധ പ്രവർത്തനം ഏകോപിപ്പിച്ചത്. 2018 മുതൽ ഓസ്‌ഹാർവെസ്റ്റുമായി തുടർന്നുപോരുന്ന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്. ദൈനംദിന ചെലവുകൾ താങ്ങാനാവാതെ കുടുംബങ്ങൾ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന ഈ ഘട്ടത്തിൽ, സമൂഹങ്ങൾ പരസ്പരം സഹായിക്കുന്ന ഇത്തരം കൂട്ടായ്മകൾ സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായി മാറുകയാണ്.

