കാൻബറ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിലക്ക് ഏർപ്പെടുത്തിയ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും പ്രമുഖ ടെക് ഭീമന്മാരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നതിനുമുള്ള പുതിയ നിയമനിർമ്മാണം ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഓസ്ട്രേലിയക്കാർക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം ഒരുക്കുന്നതിന് പ്ലാറ്റ്ഫോമുകൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അനുശാസിക്കുന്ന ‘ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ’ (Digital Duty of Care) വ്യവസ്ഥയാണ് സർക്കാരിന്റെ അടുത്ത പ്രധാന നീക്കം. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് കൂടുതൽ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് അനുകൂലവും പ്രതികൂലവുമായ വലിയ ചർച്ചകൾക്കാണ് ഈ നടപടി വഴിയൊരുക്കിയിരിക്കുന്നത്.

