കാൻബറ: രാജ്യത്ത് ജീവിതച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക നിർദ്ദേശവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. വീട്ടുവാടകയോ ഭവനവായ്പയോ തിരിച്ചടയ്ക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക്, തങ്ങളുടെ നിർബന്ധിത സൂപ്പർആനുവേഷൻ വിഹിതത്തിൽ നിന്നും മൂന്ന് ശതമാനം തുക അടുത്ത മൂന്ന് വർഷത്തേക്ക് ശമ്പളമായി നേരിട്ട് അക്കൗണ്ടിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാണ് നിർദ്ദേശം.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്ക് അവരുടെ സ്വന്തം പണം അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് പോളിൻ ഹാൻസന്റെ നിലപാട്. എന്നാൽ, നിലവിലെ സാമ്പത്തിക ആശ്വാസത്തിനായി സൂപ്പർ തുക വിനിയോഗിക്കുന്നത് വിരമിക്കൽ കാലത്തെ സമ്പാദ്യത്തെ ദോഷകരമായി ബാധിക്കുമോ അതോ അടിയന്തരഘട്ടങ്ങളിൽ ജനങ്ങൾക്ക് തുണയാകുമോ എന്നതിനെച്ചൊല്ലി വലിയ ചർച്ചകൾക്കാണ് ഈ നിർദ്ദേശം വഴിയൊരുക്കിയിരിക്കുന്നത്.

