കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരി ഗോൾഡ് മൈനിലുണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഈജിപ്തിലെ ഈസ്റ്റേൺ ഡെസർട്ട് മേഖലയിലെ ഭൂഗർഭ തുരങ്കത്തിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ചെങ്കടൽ തീരത്തെ മർസ ആലം നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്.
അപകടത്തെ തുടർന്ന് സംഭവസ്ഥലത്തെ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ഖനിയിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചതായി ഈജിപ്ത് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ശുപാർശകളും സമിതി സമർപ്പിക്കും.
മർസ ആലമിൽനിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് സുഖാരി ഖനി സ്ഥിതി ചെയ്യുന്നത്. ഈജിപ്ഷ്യൻ സർക്കാരും ആംഗ്ലോഗോൾഡ് അശാന്തിയും ചേർന്നുള്ള സംയുക്ത സംരംഭമായ സുഖാരി ഗോൾഡ് മൈൻസ് കമ്പനിയാണ് ഖനി പ്രവർത്തിപ്പിക്കുന്നത്.

