മോസ്കോ: ആഭ്യന്തര വിപണിയിൽ ഇന്ധനവിതരണം ഉറപ്പാക്കുകയും വിലസ്ഥിരത നിലനിർത്തുകയും ചെയ്യുന്നതിനായി വ്യോമയാന ഇന്ധനത്തിന്റെ (Jet Fuel) കയറ്റുമതിക്ക് റഷ്യ താത്കാലിക വിലക്ക് ഏർപ്പെടുത്തി. നവംബർ 30 വരെയാണ് നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാകുക. റഷ്യൻ സർക്കാരിന്റെ പ്രസ്താവന പ്രകാരം, ചരക്ക് വിപണികളിലൂടെ വാങ്ങിയ ജെറ്റ് ഇന്ധനത്തിനും ഈ വിലക്ക് ബാധകമായിരിക്കും.
ആഭ്യന്തര ഇന്ധന വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, വിലക്കിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ കയറ്റുമതികളും രാജ്യാന്തര സർക്കാർ കരാറുകളുടെ ഭാഗമായി നടക്കുന്ന വിതരണങ്ങളും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന ശുദ്ധീകരണ ഉൽപാദനത്തിൽ വന്ന കുറവും ആഭ്യന്തര ആവശ്യകതയിലെ വർധനയും പരിഗണിച്ചാണ് റഷ്യ ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ എണ്ണ ശുദ്ധീകരണശാലകളെ ലക്ഷ്യമിട്ട ആക്രമണങ്ങളും ഉൽപാദനത്തെ ബാധിച്ച സാഹചര്യത്തിൽ ആഭ്യന്തര വിപണിക്ക് മുൻഗണന നൽകാനാണ് സർക്കാരിന്റെ നീക്കം. ഇതിന് മുമ്പ് പെട്രോൾ കയറ്റുമതിക്കും റഷ്യ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വിലക്കെന്നും സർക്കാർ വ്യക്തമാക്കി.

