റഷ്യൻ വ്യോമാക്രമണം; മരണം 24 ആയി ഉയർന്നതായി യുക്രൈൻ

റഷ്യൻ വ്യോമാക്രമണം; മരണം 24 ആയി ഉയർന്നതായി യുക്രൈൻ

യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റഷ്യ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി യുക്രൈൻ പ്രസിഡന്റ് വൊളാഡിമർ സെലൻസ്‌കി അറിയിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്നും 48 പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

കീവിലെ ഒൻപത് നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തെ റഷ്യൻ മിസൈൽ തകർത്തതിനെ തുടർന്ന് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം തുടരുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതായി സെലൻസ്‌കി പറഞ്ഞു. ഇത് യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യൻ വ്യോമാക്രമണങ്ങളിലൊന്നാണെന്നാണ് യുക്രൈൻ വ്യോമസേനയുടെ വിലയിരുത്തൽ.

ബുധനാഴ്ച മുതൽ റഷ്യ 1,500ലധികം ഡ്രോണുകളും നിരവധി മിസൈലുകളും പ്രയോഗിച്ചതായും രാജ്യത്തുടനീളം 180ഓളം കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായതായും സെലൻസ്കി ആരോപിച്ചു. ഇതിൽ 50ലധികം താമസകെട്ടിടങ്ങൾ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നാലെ കീവിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. നിരവധി വിദേശ നയതന്ത്ര പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ആക്രമണം നടന്ന സ്ഥലത്തെത്തി ആദരാഞ്ജലി അർപ്പിച്ചു. റഷ്യക്കെതിരെ കൂടുതൽ സമ്മർദം ചെലുത്തണമെന്നും യുക്രൈന് വ്യോമ പ്രതിരോധ സഹായം തുടരുമെന്നും സെലൻസ്കി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *