മുഖ്യമന്ത്രിയാകാൻ സീനിയോറിറ്റി നിർബന്ധമല്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സീനിയോറിറ്റി മാത്രം മാനദണ്ഡമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. വിവിധ നേതാക്കൾക്ക് അനുകൂലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഫ്ലെക്സ് ബോർഡുകളും പ്രകടനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പരാമർശം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല. പാർട്ടി മുൻകാലങ്ങളിലും അത്തരമൊരു മാനദണ്ഡം മാത്രം പിന്തുടർന്നിട്ടില്ല,” എന്നാണ് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ 24 മണിക്കൂറിനകം പൂർത്തിയാകാനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എംഎൽഎമാരുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഒറ്റകക്ഷി സർക്കാരല്ല, മുന്നണി സർക്കാരാണ്. അതിനാൽ ഘടകകക്ഷികളുടെ നിലപാടിനും പ്രാധാന്യമുണ്ട്,” എന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *