ഇരട്ടക്കൊലപാതക കേസ്; ദുരൂഹത തുടരുന്നു

ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസിൽ ദുരൂഹത തുടരുന്നതിനിടെ പ്രതിയുടെ വീട്ടുവളപ്പിൽ രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടത്തി. കേസിൽ അറസ്റ്റിലായ പൊന്നിട്ടയിൽ സജി(43)യുടെ വീടിനു സമീപത്താണ് പരിശോധന നടന്നത്.

എട്ടുവർഷം മുമ്പ് കാണാതായ സജിയുടെ പിതാവ് മാത്യു(73)വിനെയും കൊലപ്പെടുത്തി ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ ചെറിയ അസ്ഥിക്കഷണങ്ങൾ ലഭിച്ചെങ്കിലും അവ മനുഷ്യന്റെതാണോ എന്നത് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരംവരെ നീണ്ടു. വീടിന്റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു. പൊലീസ് നായയെയും സ്ഥലത്തെത്തിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ അഞ്ചടിയോളം ആഴത്തിൽ നിന്ന് അസ്ഥിക്കഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എന്നാൽ അവ മനുഷ്യന്റെ അസ്ഥിയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്ത് പശുവിന്റെ തലയോട്ടിയെന്ന് കരുതുന്ന അവശിഷ്ടങ്ങളും കണ്ടെത്തി.

അതേസമയം, പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സജിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനാഫലങ്ങളും നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *