കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് തെക്ക് ഞായറാഴ്ച രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 125-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കെയ്റോയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ (30 മൈൽ) തെക്ക് ഗിസ പ്രവിശ്യയിലെ അൽ-അയ്യാത്ത് ജില്ലയിലാണ് അപകടമുണ്ടായത്. ഫയൂം പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിൻ, ഒരേ ട്രാക്കിൽ നിർത്തിയിട്ടിരുന്ന അസ്വാൻ പ്രവിശ്യയിലേക്കുള്ള ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഈജിപ്ത് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റവരിൽ 70-ലധികം പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തെത്തുടർന്ന് ഉയർന്ന കനത്ത പൊടിപടലങ്ങൾ കാരണം യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ സമീപവാസികളായ നാട്ടുകാർ ഓടിയെത്തി തകർന്ന ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയും ആംബുലൻസുകൾ വിളിച്ചുവരുത്തുകയും ചെയ്തു. പരിക്കേറ്റവരെ ബെനി സ്വീഫ് പ്രവിശ്യയിലെ അൽ-വാസ്ത സെൻട്രൽ ആശുപത്രി ഉൾപ്പെടെയുള്ള സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടകാരണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഉത്തരവിട്ടു. തകർന്ന ബോഗികൾ ക്രെയിനുകൾ ഉപയോഗിച്ച് നീക്കം ചെയ്ത് റെയിൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഈജിപ്ഷ്യൻ റെയിൽവേ അതോറിറ്റി അറിയിച്ചു.
കാലപ്പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ഈജിപ്തിൽ ട്രെയിൻ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ സെപ്റ്റംബറിലും ഇതേ ജില്ലയിൽ രണ്ട് ചരക്കുട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. 2002-ൽ കെയ്റോയിൽ നിന്ന് തെക്കൻ ഈജിപ്തിലേക്ക് പോകുകയായിരുന്ന രാത്രികാല ട്രെയിനിന് തീപിടിച്ച് 300-ലധികം പേർ മരിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ റെയിൽ ദുരന്തം.

