കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിക്ക് മുന്നിലെ ഗേറ്റും താൽക്കാലിക ഷെഡും നഗരസഭാ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അനധികൃതമായി കയ്യേറി ഫുട്പാത്തിന് കുറുകെ നിർമ്മിച്ച താൽക്കാലിക ഷെഡും ഗേറ്റും കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നഗരസഭാ അധികൃതരുടെ നടപടി.
കാളിഘട്ട് റോഡിലെ 121-ാം നമ്പർ വസതിക്ക് പുറത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച ശേഷമാണ് നഗരസഭാ ജീവനക്കാർ ബുൾഡോസർ ഉപയോഗിച്ച് താൽക്കാലിക നിർമ്മിതി പൊളിച്ചുമാറ്റിയത്. തുടർന്ന് തൊഴിലാളികൾ നടപ്പാത വൃത്തിയാക്കുകയും, മതിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തു.
അതേസമയം, നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ അഭിഷേക് ബാനർജി രൂക്ഷമായി പ്രതികരിച്ചു. ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബുൾഡോസറുകൾക്ക് തന്റെ ശബ്ദം ഇല്ലാതാക്കാനോ നിശ്ചയദാർഢ്യം തകർക്കാനോ കഴിയില്ലെന്നും ബംഗാൾ വിരുദ്ധർക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന ശ്വാസം വരെ താൻ പിന്നോട്ട് പോകുകയോ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യുകയോ ഇല്ലെന്ന് അഭിഷേക് എക്സിൽ കുറിച്ചു. സംഭവത്തിൽ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

