ഹോങ്കോങ്: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനുകളിൽ നിന്നും ഹോങ്കോങ്ങിലേക്ക് പറക്കുകയായിരുന്ന കാഥേ പസഫിക് വിമാനത്തിൽ ഉണ്ടായ ശക്തമായ വ്യോമക്ഷോഭത്തെ തുടർന്ന് പത്ത് പേർക്ക് പരിക്ക്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച നിമിഷത്തിൽ യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും വിമാനത്തിന്റെ മേൽത്ത ട്ടിലേക്ക് (Ceiling) തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റവരിൽ എട്ട് പേരെ ഹോങ്കോങ്ങിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഹോങ്കോങ്ങിൽ ലാൻഡ് ചെയ്യാൻ രണ്ട് മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് സിഎക്സ്156 (CX156) എന്ന വിമാനം ശക്തമായ വ്യോമക്ഷോഭത്തിൽ അകപ്പെട്ടത്. ഇക്കണോമി ക്യാബിനിൽ വിമാന ജീവ നക്കാർ പ്രഭാതഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയ സമയത്തായിരുന്നു സംഭവം. യാതൊരു മുന്നറിയി പ്പുമില്ലാതെ വിമാനം പെട്ടെന്ന് അന്തരീക്ഷത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഭക്ഷണ സാധനങ്ങളും ട്രോളികളും വിമാനത്തിനുള്ളിൽ മറിഞ്ഞുവീഴുകയും, യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷി ക്കുന്ന ഓവർഹെഡ് ലോക്കറുകൾ തുറന്ന് സാധനങ്ങൾ പുറത്തേക്ക് തെറിക്കുകയും ചെയ്തു. വായു മർദ്ദ ത്തിൽ വ്യത്യാസം വന്നതോടെ ഓക്സിജൻ മാസ്കുകളും പുറത്തേക്ക് വന്നു.
വിമാനം ആകാശത്തുനിന്ന് തകർന്നു വീഴുകയാണെന്നാണ് താൻ കരുതിയതെന്ന് വിമാനത്തിലുണ്ടായിരുന്ന കെയ്ൻസ് സ്വദേശിയായ ബിസിനസുകാരൻ നിക്കോളാസ് സ്റ്റീവൻസൺ പറഞ്ഞു. ആളുകൾ ഭയന്നുവിറച്ച് ഉറക്കെ നിലവിളിക്കുകയായിരുന്നു. വളരെ പെട്ടെന്ന് രണ്ട് തവണയാണ് വിമാനം താഴേക്ക് പതിച്ചത്. ആദ്യ തവണ വിമാനം കുലുങ്ങിയപ്പോൾ തന്നെ ആളുകൾ പരിഭ്രാന്തരായി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാ രാണ് മുകളിലേക്ക് തെറിച്ചുവീണത്. ആദ്യത്തെ കുലുക്കം കഴിഞ്ഞ് 15-20 സെക്കൻഡുകൾക്കുള്ളിൽ വീണ്ടും വിമാനം താഴേക്ക് പതിച്ചു. ഇതോടെ സീറ്റുകളിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചവരും വീണ്ടും അപകടത്തിൽപ്പെട്ടു. കനത്ത ഭക്ഷണ ട്രോളികളുമായി വഴിയിൽ നിൽക്കുകയായിരുന്ന വിമാന ജീവനക്കാർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേറ്റത്. ട്രോളികൾ ജീവനക്കാരുടെ മേൽ വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വിമാനത്തിൽ ഡോക്ടർമാർ ആരെങ്കിലുമുണ്ടോ എന്ന് പൈലറ്റ് അനൗൺസ് ചെയ്തപ്പോഴാണ് സ്ഥിതിഗതികളുടെ ഗൗരവം യാത്രക്കാർക്ക് മനസ്സിലായത്. വിമാനത്തിലുണ്ടായിരുന്ന നാല് ഡോക്ടർമാർ മുന്നോട്ട് വരികയും പരിക്കേറ്റവർക്ക് വിമാനത്തിന്റെ പിൻഭാഗത്ത് വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. റഡാറിൽ പെട്ടെന്ന് ദൃശ്യമാകാതിരുന്ന കടുത്ത ഇടിമിന്നലോടുകൂടിയ കാർമേഘക്കൂട്ട ത്തിൽ വിമാനം അകപ്പെട്ടതാണ് പെട്ടെന്നുള്ള വ്യോമക്ഷോഭത്തിന് കാരണമായതെന്ന് പൈലറ്റ് പിന്നീട് യാത്ര ക്കാരെ അറിയിച്ചു. ഇരുട്ടായതിനാൽ അവസാന നിമിഷം മാത്രമാണ് റഡാറിൽ ഇത് ശ്രദ്ധയിൽപ്പെട്ട തെന്നും പൈലറ്റ് വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ സമാനമായ രീതിയിൽ ശക്തമായ വ്യോമക്ഷോഭം ഉണ്ടാകുകയും ഒരു യാത്രക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന്റെ ഓർമ്മകൾ ഉണർത്തുന്നതാണ് പുതിയ അപകടമെന്ന് യാത്രക്കാർ പങ്കുവെച്ചു.

