തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കടുത്ത വൈദ്യുതി പ്രതിസന്ധിയെയും താൽക്കാലിക നിയന്ത്രണങ്ങളെയും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് ഉണ്ടായ പ്രതിസദ്ധിയല്ല ഇതെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ പ്രതിഫലനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത വേനൽച്ചൂടും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതുമൂലം ഉൽപ്പാദന രംഗത്തുണ്ടായ വൻ ഇടിവുമാണ് ഈ കടുത്ത പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വിശദീകരിച്ചു.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി രാത്രികാലങ്ങളിൽ അനാവശ്യമായ ഉപഭോഗം പരമാവധി കുറയ്ക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വീടുകളിൽ എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ ഏറെ സഹായിക്കും. കൂടാതെ, രാത്രി സമയങ്ങളിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള അയൺ ബോക്സ്, വാട്ടർ പമ്പുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി അത് പകൽ സമയങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. കടകളിലും വീടുകളിലും അലങ്കാര വിളക്കുകളും അനാവശ്യ ലൈറ്റുകളും പ്രകാശിപ്പിക്കുന്നത് ഒഴിവാക്കണം. വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ വൈദ്യുതി വിനിയോഗം ക്രമാതീതമായി ഉയരുന്നതിനാൽ ഈ സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സോളാർ ഊർജ്ജ ഉൽപ്പാദനം പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാണെങ്കിലും പകൽ സമയങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതി സംഭരിച്ചു വെക്കാനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. സോളാർ വൈദ്യുതി സംഭരണത്തിനായി അടിയന്തരമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബാർട്ടർ വ്യവസ്ഥയിൽ കടംവാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയമാണിതെങ്കിലും, ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ് കാരണം അതിനും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഈ സങ്കീർണ്ണമായ സാഹചര്യം മറികടക്കാൻ കൂടുതൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഉയർന്ന തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

