ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; യുപി സ്വദേശി ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദേവറിയ സ്വദേശിയായ സൂരജ് യാദവാണ് മരിച്ചത്. എംവി കേപ് ഡാവോ എന്ന കപ്പലിലെ ‘വൈപ്പർ’ ജീവനക്കാരനായിരുന്നു സൂരജ്.

സെപ്റ്റംബർ 23ന് ഒമാന്റെ കിഴക്കൻ തീരത്തോട് ചേർന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അജ്ഞാത പ്രൊജക്ടൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് തീപിടിക്കുകയും കപ്പൽ നിയന്ത്രണം വിട്ട് ഒഴുകുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ സൂരജിന് തലയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ ജീവനക്കാരിൽ 19 പേരെ രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ആകെ ജീവനക്കാരുടെ എണ്ണം 28 ആയിരുന്നു. രക്ഷപ്പെട്ട ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയും സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികളും ഒമാൻ അധികൃതരുമായി ഏകോപിപ്പിച്ച് വരികയാണെന്ന് എംബസി വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വാണിജ്യ കപ്പലുകൾക്കും നാവികർക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *