സിയാറ്റിൽ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്ത് സിയാറ്റിൽ സെന്ററിൽ നടന്ന വാർഷിക ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇരുവരും പരസ്പരം വെടിയുതിർത്തെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെടുത്തു. പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

