ജർമനിയിലെ സ്റ്റാഡെയിൽ വെടിവയ്പ്; ആറു മരണം, പ്രതി പിടിയിൽ

ജർമനിയുടെ വടക്കൻ മേഖലയിലെ സ്റ്റാഡെയിലുള്ള യുവജനക്ഷേമ (യൂത്ത് വെൽഫെയർ) കേന്ദ്രത്തിൽ നടന്ന വെടിവയ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം അഞ്ചുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും പിന്നീട് ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ മരിച്ചതോടെ മരണസംഖ്യ ആറായതായി അധികൃതർ അറിയിച്ചു.

അമ്മമാർക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയ 45-കാരനാണ് വെടിവയ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശവുമായി (കസ്റ്റഡി) ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ചവരിൽ ഭൂരിഭാഗവും കേന്ദ്രത്തിലെ ജീവനക്കാരാണ്. കുട്ടികൾക്ക് ശാരീരികമായി പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജർമനിയിൽ ഇത്തരം കൂട്ടവെടിവയ്പുകൾ അപൂർവമായതിനാൽ സംഭവം രാജ്യത്ത് വ്യാപകമായ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *