മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക) ചുമത്തി. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കർശന നടപടി ഉറപ്പാക്കുന്ന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്താൻ മുംബൈ ക്രൈംബ്രാഞ്ചിന് ബന്ധപ്പെട്ട അധികാരിയുടെ അനുമതി ലഭിച്ചു.
ഒക്ടോബർ 18ന് മുംബൈയിലെ ജൂഹുവിൽ നടന്റെ വാഹനത്തിനു നേരെയാണ് വെടിവയ്പുണ്ടായത്. മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ നടന്റെ കാറിനു നേരെ വെടിയുതിർത്തശേഷം രക്ഷപ്പെട്ടു. സംഭവത്തിൽ നടന്റെ ഡ്രൈവർക്കും മറ്റൊരാൾക്കും വെടിയേറ്റു. നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ ഒക്ടോബർ 19ന് ഭാരതീയ ന്യായസംഹിതയിലെ വധശ്രമം, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾക്കും ആയുധനിയമത്തിലെ വകുപ്പുകൾക്കും കീഴിൽ കേസെടുത്തു. പിന്നീട് പ്രതികൾക്കെതിരെ മക്കോക്കയിലെ 3(1)(ii), 3(2), 3(4) വകുപ്പുകൾ കൂടി ചേർത്തു.
വെടിവയ്പുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നുപേരെ രാജസ്ഥാനിലെ കോട്ടയിൽ ട്രെയിനിൽനിന്നാണ് പിടികൂടിയത്. ആയുധങ്ങൾ എത്തിച്ചുനൽകിയവരും ആക്രമണത്തിന് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകിയവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റ് എന്നയാൾ സമൂഹമാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പൊലീസ് പറയുന്നു. സംഘത്തിന്റെ സാമ്പത്തിക നേട്ടം, ആധിപത്യം സ്ഥാപിക്കൽ, പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കൽ എന്നിവയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യങ്ങളെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന്റെ ഗൂഢാലോചന എങ്ങനെ നടപ്പാക്കിയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

